ഗുസ്തിയ്ക്ക് വന്നവര്‍..

Tuesday, 3 September 2013

നാടന്‍ ബോംബും നാട്ടുകാരും..പിന്നെ ഞങ്ങളും



വീട് വൃത്തിയാക്കിയിടുന്ന കാര്യത്തില്‍ ഞാനും എന്‍റെ ചേട്ടനും വളരെ മുടുക്കന്മാരാണ്.....പ്രത്യേകിച്ചു ഞങ്ങളുടെ റൂം.=D  പപ്പയുടെ അന്ത്യശാസനം വരുന്നവരെ ഞങ്ങളതൊന്നും ശ്രദ്ധിക്കാറില്ല... പേപ്പറെല്ലാം ചുരുട്ടിക്കൂട്ടി കട്ടിലിന്‍റെ അടിയിലേയ്ക്കോ ഇല്ലെ മച്ചിന്‍റെ മുകളിലേയ്ക്കോ വലിച്ചെറിയുകയാണ് പതിവ്.. ഇഴജന്തുക്കള്‍ കയറുമെന്ന് ഭയന്ന് അമ്മ ഇടയ്ക്കൊക്കെ മുറി വൃത്തിയാക്കിത്തരും.. പിതാജിയാണേല്‍ ജോലിത്തിരക്ക് കാരണം ഇതൊന്നും അത്ര നോക്കാറില്ല.. എന്നാല്‍ നോക്കുന്ന ദിവസങ്ങളില്‍ ശരിയ്ക്കും നോക്കാറുണ്ട്... 
 അന്ന് ഞങ്ങളുടെപുറത്ത് പുളിവടി, ലാത്തി, ലെതര്‍ബെല്‍റ്റ്‌, തേപ്പുപെട്ടിയുടെ മുന്നുപിരിവയര്‍ തുടങ്ങിയവയുടെ പാടുകള്‍ ശരിയ്ക്കും  പതിയ്ക്കാറുണ്ട്....ഇത്തരം തൂലികയെഴുത്ത് രണ്ടുമാസം കൂടുമ്പോഴൊക്കെയേ ഉണ്ടാവൂ.
ബട്ട്‌ അന്ന് നല്ല എഴുത്തായിരിക്കും.... മനസ്സില്‍ അതങ്ങനെ മായാതെ നില്‍ക്കും.. ഒരിക്കല്‍ പതിവ് ഇന്‍സ്പെക്ഷന് സമയമായതുകൊണ്ട് ഞങ്ങളെല്ലാം മുറി വൃത്തിയാക്കുകയായിരുന്നു.. ഇനി ഞങ്ങളുടെ മുറി വൃത്തിയാക്കുന്നവിധം.., ചപ്പുചവറുകളൊക്കെ ഒരു പേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കളയും.... അതിനുമുന്‍പായി വേറെയും കാര്യമുണ്ട്.. ഞാന്‍പോയി എങ്ങിനെയെങ്കിലും ഒരു നീര്‍ക്കോലിയെ അല്ലെ ചെറിയ മഞ്ഞച്ചേരയെ പിടിച്ചോണ്ട് വരും..

. പക്ഷെ അതിനെ കൊല്ലില്ല ഒന്ന് ബോധംകെടുത്തുകയേയുള്ളൂ.. അങ്ങനെയൊരു ടെക്ക്നിക്ക് എനിയ്ക്കറിയാം.. ഇനിയാണ് യഥാര്‍ത്ഥ പണി..... അതിനെ ഈ ചപ്പുചവറിന്‍റെ കൂടെ ഭംഗിയായി പൊതിയും... അതിനുശേഷം..ഒരു  അഞ്ചുമണിയൊക്കെ ആകുമ്പോള്‍ ഞാനും ചേട്ടനും കൂടി റോഡിലേക്ക് പോകും ... ആരും ഇല്ലെന്ന് കണ്ടാല്‍ ഇതവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ അവിടടുത്ത് എവിടേലും ഒളിച്ചിരിയ്ക്കും... ഈ പൊതി കാണുന്ന ആള്‍ക്കാര്‍ ഇതെടുക്കാന്‍ കാണിക്കുന്ന വെപ്രാളം, അടവുകള്‍ ഇതൊക്കെ കണ്ടുരസിക്കുക.. ഇതാണ് ഞങ്ങളുടെ പ്രധാനപരിപാടി.. ഇതെടുക്കുന്ന ആള്‍ക്കാര്‍ക്ക് ഭയങ്കര ആകാംക്ഷയാണ്.. അവരിത്‌ അവിടെവെച്ചുതന്നെ തുറക്കും.. അത്രയുംനേരം അതില്‍ ശ്വാസംമുട്ടി ഇരിയ്ക്കുന്ന പാമ്പണ്ണന്‍ ഒന്നുചാടും.... അപ്പോള്‍ എടുത്തയാള്‍ നാലുകാലില്‍ ചാടും... ബട്ട്‌ അവസാനം അവര്‍ വിളിയ്ക്കുന്ന തന്തയ്ക്കുവിളി കേള്‍ക്കാന്‍ ഒരു രസവും ഇല്ല.... 

ഇതു പലനാളായി ചെയ്യുന്ന പണിയാണ്.. സ്ഥലം ഞങ്ങള്‍ തീരുമാനിയ്ക്കും.. ഇപ്രാവശ്യം തോട്ടില്‍ നല്ല വെള്ളമുള്ള സമയമാണ്... കിട്ടിയത് ഒരു നീര്‍കോലിയെ. എല്ലാം റെഡി വീടിനു തൊട്ടടുത്തുള്ള നാലുംകൂടുന്ന ജങ്ങ്ഷനില്‍ തന്നെയാകാം ഇപ്രാവശ്യത്തെ പരിപാടി എന്നുഞങ്ങള്‍ തീരുമാനിച്ചു.. ഞാന്‍ പൊതി റോഡില്‍ കൊണ്ടിട്ട് കുറച്ചുനേരമായി.. ആരും വരുന്നില്ല... പപ്പാ വരാനുള്ള നേരമാകുകയും ചെയ്യുന്നു.. 

അപ്പോഴാ ദേ.. ഒരുത്തന്‍ സൈക്കിളും ചവിട്ടിവരുന്നു.. ഹാ ഞങ്ങള്‍ക്ക് സന്തോഷമായി.. ഇവനിപ്പോള്‍ പണികിട്ടും എന്ന് വിചാരിച്ചിരിക്കുകയാണ് ഞങ്ങള്‍.. പക്ഷെ ആ പണ്ടാരകാലന്‍ അതെടുത്തില്ല.... മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യന്‍ എടുത്ത തീരുമാനംപോലെ ഞാന്‍ ചുമ്മാ അതുംനോക്കിനിന്നു... ഒന്നുരണ്ടു കാല്‍നടയാത്രക്കാര്‍ അതുവഴിവന്നു.. അവരും മുന്‍പത്തെപോലെതന്നെ.... ഞങ്ങള്‍ക്ക് പേടിയായിത്തുടങ്ങി.. എന്‍റെ ചേട്ടനാണെ ഒരുമാതിരി യൂദാസിനെപ്പോലെയാ.. " ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്‍.. നീയാ.. നീയാ..!! " ഞാനും വിട്ടുകൊടുക്കില്ല... "നീയല്ലെ പൊതിഞ്ഞത്.. അപ്പൊ നീയല്ലെ അവിടെകൊണ്ടിട്ടത്.." അങ്ങിനെ പരസ്പരം ഞങ്ങള്‍ പഴിചാരി നില്‍ക്കുകയാണ്.. പപ്പാ വരാന്‍ നേരമായി.. വന്നാല്‍ ഞങ്ങളെ പൊക്കും... ആ പൊതിഞ്ഞു ഇട്ടിരിയ്ക്കുന്നതില്‍ ഒരെണ്ണം എന്‍റെ ക്ലാസ്സ്‌പരീക്ഷാപേപ്പറാണ്.. എന്‍റെ പേര്, ക്ലാസ്സ്‌, എല്ലാമുണ്ടതില്‍.....! ഞാനന്ന് ആറാംക്ലാസ്സിലാണ്..  

വളരെ പെട്ടെന്നുതന്നെ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം ആയി... ഇതുവരെ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. ഇന്നെന്താ ഈ ആള്‍ക്കൂട്ടം എന്നാലോചിച്ചപ്പോഴാണ് ടിവിയിലെ അലേര്‍ട്ട് ഓര്‍മ്മവന്നത്.. അവിടെ ഇവിടെ ഒക്കെയായി ബോംബുപൊട്ടുന്ന കാലമാണ്.. അപ്പോള്‍ പൊതി വല്ലതും റോഡില്‍ കണ്ടാല്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്..
അപ്പോള്‍ ശേരിക്യും എന്‍റെ നെഞ്ചില്‍ ഒരു ബോംബു പൊട്ടി .......
അതാണ് ആരും ആ പൊതി എടുക്കാതെയിരുന്നത്.. ഓരോരുത്തര്‍ അവിടെയും ഇവിടെയുമൊക്കെയായി നിന്നു കുശുകുശുക്കുന്നുണ്ട്.... ഈ സമയത്താണ് ഞങ്ങള്‍ ശരിക്കും ദൈവത്തെ വിളിയ്ക്കുന്നത്‌... ശയനപ്രദക്ഷിണം... ചന്ദനത്തിരി.. പുഷ്പാഞ്ജലി... അങ്ങനെ നീളും... ഇതിന്‍റെപേരില്‍ ശബരിമലയ്ക്കു വന്നേക്കാം എന്നുവരെ നേരും.. അങ്ങനെ ടെന്‍ഷനടിച്ചു ചാവാറായി നില്‍ക്കുകയാണ്.. അപ്പോഴാണ് ദൈവദൂതനെപ്പോലെ ഒരു അപ്പൂപ്പന്‍ അവിടെ വരുന്നത്.. കക്ഷി ഒരു ബീഡിയൊക്കെയെടുത്തു വലിച്ച് അതിനുചുറ്റും ഒന്നുനടന്നുനോക്കി.... അവസാനം രണ്ടും കല്‍പ്പിച്ച് പുള്ളി അതെടുത്തു.. കുറച്ചുപേര്‍ അവിടെനിന്ന് ഓടി..

ബോംബുപൊട്ടിയാ കണ്ണിറുക്കിയടച്ചാല്‍ മതിയെന്ന് പറഞ്ഞ് ചിലര്‍ കണ്ണ്പൊത്തി നില്‍പ്പുണ്ട്... ചിലരോ ചെവിപൊത്തിപ്പിടിച്ച് രണ്ടുകണ്ണും തുറിപ്പിച്ച് അതിലേയ്ക്കുറ്റുനോക്കുന്നുണ്ട്... ഒടുവില്‍ അപ്പുപ്പന്‍ അതുതുറന്നു....... നമ്മുടെ നീര്‍കോലിചേട്ടന്‍സ് ഒറ്റച്ചാട്ടം.... ചാടിയത്‌ ഒരു പ്ലാസ്റ്റിക് കവറുമായിട്ടാണ്.. ഹൈയ്യോ എന്നുവിളിച്ച് അവിടെയുണ്ടായിരുന്ന ഒരാള്‍ ചാടിയോടി... അപ്പൂപ്പന്‍ അത് നീര്‍കോലി ആണ് എന്നുപറഞ്ഞിട്ട് ആരുകേള്‍ക്കാന്‍....!! അവസാനം... നീര്‍കോലി അതെന്നുറപ്പിച്ച്, പിള്ളേരൊപ്പിച്ച ഒരു കുസൃതി എന്നനിലയില്‍ നാട്ടുകാരത്‌ വിട്ടുകളഞ്ഞു......
അപ്പോഴേക്കും ആ ബോംബുപ്പൊട്ടി രണ്ടുപേര്‍... അവശനിലയില്‍ ആയിരുന്നു... ഞാനും എന്‍റെ ചേട്ടനും..........


അന്നുഞങ്ങളൊരു ശപഥം ചെയ്തു ഇനിയൊരിക്കലും ഇത്തരത്തിലൊരു ബോംബുണ്ടാക്കില്ല എന്ന്.....!!!


പിന്നെ പോകുന്നതിനു മുന്‍പ് ഒരു അഭിപ്രായം ...താഴെ രേഖപെടുത്തുക..നന്ദി..

No comments:

Post a Comment